ചെന്നൈ: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ചുനിയോജകമണ്ഡലങ്ങളിൽ വിജയിച്ചുകൊണ്ട് കരുത്തുതെളിയിച്ച അസാദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ചലച്ചിത്രതാരം കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഖ്യമുണ്ടാക്കി എ.ഐ.എം.ഐ.എം. മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. 2021 ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കമലിന്റെ നിലപാടുകളോട് ഒവൈസി യോജിക്കുന്നതിന്റെ സൂചനകൾ നേരത്തേ പ്രകടമായിരുന്നു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കണമെന്ന കമൽഹാസന്റെ പ്രസ്താവനയെ ഒവൈസി പിന്തുണച്ചിരുന്നു.

25-ാളം സീറ്റുകളിലായിരിക്കും എ.ഐ.എം.ഐ.എം. മത്സരിക്കുകയെന്ന് ഒവൈസിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിലെ പാർട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചർച്ച നടത്തുന്നുണ്ട്. ഹൈദരാബാദിൽ വെച്ചാണ് ചർച്ച. തിരഞ്ഞെടുപ്പ് പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായി ജനുവരിയിൽ ട്രിച്ചിയിലും ചെന്നൈയിലും വെച്ച് പാർട്ടി കോൺഫറൻസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബിഹാർ തിരഞ്ഞെടുപ്പിൽ മുസ്ലീം സ്വാധീനമുളള അഞ്ച് നിർണായക നിയോജകമണ്ഡലങ്ങളിൽ വിജയിച്ചുകൊണ്ട് ഒവൈസി ശക്തമായ സാന്നിധ്യമറിയിച്ചുരുന്നു. 20 സീറ്റുകളിലാണ് ബിഹാറിൽ എ.ഐ.എം.ഐ.എം. മത്സരിച്ചത്. സമാന വിജയം തമിഴ്നാട്ടിലും നേടാനാകുമെന്നാണ് ഒവൈസിയുടെ കണക്കുകൂട്ടൽ.

2011ലെ സെൻസസ് പ്രകാരം തമിഴ്നാട്ടിലെ ആകെ ജനസംഖ്യയുടെ 5.86 ശതമാനം മുസ്ലീങ്ങളാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ മുസ്ലീം പാർട്ടികളുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു ദ്രാവിഡ സഖ്യങ്ങളിലായി അവ വിഭജിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ മുസ്ലീംപാർട്ടികളെയും ഒന്നിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനം. മക്കൾ നീതി മയ്യവുമായും നാം തമിഴർ ഉൾപ്പടെയുളള പാർട്ടികളുമായും സഖ്യത്തിലേർപ്പെട്ടേക്കാം. - പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്ലീം ജനസംഖ്യ കൂടുതലാണ്. ഏതെല്ലാം സീറ്റികളിൽ മത്സരിക്കണമെന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിന് വേണ്ടി ഒരു സർവേ നടത്താൻ ഒരുങ്ങുകയാണെന്ന് എ.ഐ.എം.ഐ.എം. പ്രസിഡന്റ് വക്കീൽ അഹമ്മദ് പറഞ്ഞിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ദുരൈമുരുഗനുമായി സഖ്യത്തെ കുറിച്ച് സംസാരിച്ച കാര്യവും അഹമ്മദ് സൂചിപ്പിച്ചികുന്നു. എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.


Content Highlights: AIMIM to contest in the tamil nadu assembly elections to be held next year