ചെന്നൈ ഡി.എം.കെ. സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തമിഴ്നാട്ടില്‍ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ) തമിഴ്നാട് ഘടകം പ്രസിഡന്റ് വക്കീല്‍ അഹമ്മദ് പറഞ്ഞു. ''സഖ്യത്തില്‍ ചേര്‍ക്കണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ. ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തു. പക്ഷേ, ഇതുവരെ ഇക്കാര്യത്തില്‍ ഡി.എം.കെ. നിലപാട് വ്യക്തമാക്കിയിട്ടില്ല.'' മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു അഹമ്മദ്.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനിപ്പോള്‍ ഹൈദരാബാദിലാണെന്നും പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയുമായി തമിഴനാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് വിഷയം സംസാരിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ഒവൈസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നും എന്നാല്‍, ഡി.എം.കെ. അനുകൂല നിലപാട് എടുക്കുന്നില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ എം.ഐ.എം. നിര്‍ബ്ബന്ധിതമാവുമെന്നും അഹമ്മദ് പറഞ്ഞു. 2015-ലെ തിരഞ്ഞെടുപ്പില്‍ വെല്ലൂരിനടുത്തുള്ള വാണിയമ്പാടി നിയമസഭ മണ്ഡലത്തില്‍നിന്ന് എം.ഐ.എം. സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിച്ചിരുന്നെന്നും പതിനായിരത്തോളം വോട്ടുകള്‍ തനിക്ക് നേടാനായെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.
''തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ട്. മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കൊപ്പമാണ്.'' ഡി.എം.കെ. സഖ്യത്തില്‍ അഞ്ച് സീറ്റാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അഹമ്മദ് വെളിപ്പെടുത്തി.
ബി.ജെ.പിയുടെ അജണ്ടയാണ് എം.ഐ.എം. നടപ്പാക്കുന്നതെന്ന് ആരോപണം അഹമ്മദ് തള്ളിക്കളഞ്ഞു. ''കോണ്‍ഗ്രസ് നടത്തുന്ന ദുഷ്പ്രചരണമാണിത്. ബി.ജെ.പിയാണ് ഞങ്ങളുടെ മുഖ്യശത്രു. എന്നാല്‍ പിന്നില്‍നിന്ന് കുത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.'' ഡി.എം.കെയുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ സമാന രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളുമായി ചേര്‍ന്ന് ഒരു മൂന്നാം മുന്നണി ഉണ്ടാക്കുന്നതിനുള്ള ആലോചനയുണ്ടെന്നും അഹമ്മദ് പറഞ്ഞു.
എന്നാല്‍, എം.ഐ.എമ്മിന് തമിഴ്നാട്ടില്‍ സ്വാധീനമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടി സീറ്റിനായി വിലപേശുകയാണ് എം.ഐ.എം. ചെയ്യുന്നതെന്നും മുസ്ലിംലീഗും മനിതനേയ മക്കള്‍ കച്ചിയും കുറ്റപ്പെടുത്തി.
Content Highlights: AIMIM. Owaisi's party will contest in 30 seats in Tamilnadu assembly election