എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ചപ്പോൾ |ഫോട്ടോ: twitter.com|aimim
പട്ന: ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഇത് എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കി.
എംഎല്‍എയും എ.ഐ.എം.ഐ.എമ്മിന്റെ സംസ്ഥാന അധ്യക്ഷനുമായ അഖ്തറുല്‍ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎല്‍എമാര്‍ നിതീഷിനെ കണ്ടത്. മുഹമ്മദ് അസ്ഹര്‍ അസ്ഫി, ഷാനവാസ് ആലം, സയീദ് റുകുനുദ്ദീന്‍, അസ്ഹര്‍ നയീമി എന്നീ എംഎല്‍എമാരടങ്ങിയ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ വിജയ് ചൗധരിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയില്ല. ഒവൈസിയുടെ പാര്‍ട്ടിയിലെ 5 എംഎല്‍എമാരും വിജയിച്ച സീമാഞ്ചലിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ നിതീഷ് കുമാറിനെ കണ്ടതെന്ന് എഐഎംഐഎം നേതാവ് മുഹമ്മദ് ആദില്‍ ഹസന് അവകാശപ്പെട്ടു. ബിജെപിയുമായി കൈക്കോര്‍ത്ത് നില്ക്കുന്നിടത്തോളം കാലം നിതീഷുമായി തങ്ങള്‍ക്ക് അടുക്കാനാവില്ല. ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ നിതീഷുമായി കൈകോര്‍ക്കാന്‍ ഒവൈസി സന്നദ്ധനാണെന്നും ആദില്‍ ഹസന് കൂട്ടിച്ചേര്‍ത്തു.
ബിഎസ്പിയുടെ ഏക എംഎല്‍എ ജമാ ഖാന് സ്വതന്ത്ര എംഎല്‍എ സുമിത് സിങിനൊപ്പം കഴിഞ്ഞ ആഴ്ച ജെഡിയുവില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ എല്‍ജെപി എംഎല്‍എ രാജ് കുമാര്‍ സിങ് കഴിഞ്ഞ ദിവസം നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് എംഎല്‍എമാരും നീതിഷിനെ കണ്ടത്. കൂടിക്കാഴ്ചകള്‍ ബിഹാറില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..