അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി(ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍)കൈകോര്‍ക്കുമെന്ന് ബിടിപി. (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. എ.ഐ.എം.ഐ.എം നേതാവ് ഇമിത്യാസ് ജലീലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിടിപി നേതാവ് മഹേഷ് ഭായ് ഛോട്ടു വാസവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചതിനു പിന്നാലെയാണ് ബിടിപിയുടെ പുതിയ പ്രഖ്യാപനം. 

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമാണ് അസദുദീന്‍ ഒവൈസി, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അവര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിനെതിരേ പ്രവര്‍ത്തിക്കാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എഐഎംഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് വാസവ പ്രതികരിച്ചു. ഛോട്ടു വാസവയുമായി ഫലവത്തായ ചര്‍ച്ചനടത്തിയെന്ന് ഇമിത്യാസ് ജലീലും പ്രതികരിച്ചു. 

ബിടിപി-എഐഎംഐഎം സഖ്യം നടപ്പിലാവുന്നതോടെ ഗുജറാത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിക്കും. ഇത് പുതിയ രാഷ്ട്രീയ ശക്തിയായി വളരുമെന്ന് ഇമിത്യാസ് ജലീല്‍ ട്വീറ്റ് ചെയ്തു. 'ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ശക്തരായ എതിരാളിയായിരിക്കും ഞങ്ങളുടെ പുതിയ സഖ്യം, വരുന്ന തിരഞ്ഞെടുപ്പില്‍ ഇത്  പ്രതിഫലിക്കും. ജനങ്ങള്‍ക്കും ഈ കൂട്ടുകെട്ടില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു'. 

നിലവില്‍ ഗുജറാത്തില്‍ ബിടിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങളെ തടര്‍ന്ന് ഡിസംബറിലാണ് കോണ്‍ഗ്രസുമായി സഖ്യം ബിടിപി അവസാനിപ്പിച്ചത്. 

ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ നവംബറില്‍ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 

Content Highlights: AIMIM joins hands with Bhartiya Tribal Party to contest local polls in Gujarat