ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. മുത്തലാഖ് നിരോധിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനം മുസ്ലിം വനിതകളുടെ അവകാശ ദിനമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആചരിക്കുന്നതിനിടെയാണ് ഒവൈസിയുടെ വിമര്‍ശം. 

ഹിന്ദു, ദളിത്, ഒ.ബി.സി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവയില്‍പ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് എന്താണ് മോദി സര്‍ക്കാരിന് പറയാനുള്ളതെന്ന് ഒവൈസി ചോദിച്ചു. മുത്തലാഖ് നിരോധന നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതാണ്. അത് സമത്വത്തിന് എതിരാണ്. മോദി സര്‍ക്കാര്‍ മുസ്‌ലിം വനിതാ അവകാശ ദിനം മാത്രമാണോ ആഘോഷിക്കുക ? ഹിന്ദു, ദളിത്, ഒ.ബി.സി, മറ്റുന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവയില്‍പ്പെട്ട സ്ത്രീടകളുടെ ശാക്തീകരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഈ നിയമം മുസ്‌ലിം സ്ത്രീകളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കും. ഈ നിയമം കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓഗസ്റ്റ് ഒന്നിന് രാജ്യത്തുടനീളം മുസ്‌ലിം വനിതകളുടെ അവകാശ ദിനമായി ആചരിക്കുമെന്ന് ശനിയാഴ്ച ന്യൂനപക്ഷ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മുസ്‌ലിം സ്ത്രീകളുമായി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

Content Highlights: AIMIM chief Asaduddin Owaisi slams Modi govt over triple talaq law