പനജി: നാല് മാസത്തെ ഇടവേളക്ക് ശേഷം പുതുവര്‍ഷത്തില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലെത്തി. പാന്‍ക്രിയാസ് ക്യാൻസറിനെത്തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 63-കാരനായ പരീക്കര്‍ ചൊവ്വാഴ്ച സഹായികള്‍ക്കൊപ്പം ഓഫീസിലെത്തിയത്. അമേരിക്കയിലേയും മുംബൈയിലേയും ആശുപത്രികളിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓഫീസിലെത്തിയത്.

മൂക്കിലൂടെ കുഴലിട്ട നിലയില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ രാവിലെ 10.45 ഓടെയാണ് പരീക്കര്‍ സെക്രട്ടറിയേറ്റിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികള്‍ക്കൊപ്പം മുന്നോട്ട് നീങ്ങി. നൂറോളം ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹം വരുന്നതറിഞ്ഞ് ഇങ്ങോട്ടേക്കെത്തിയിരുന്നു. 

ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബിജെപി എംഎല്‍എമാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടത്തേണ്ട ഉത്തരവുകള്‍ക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 

Manohar Parrikar

പനജിക്ക് സമീപമുള്ള മണ്ഡോവി, സുവാരി നദികള്‍ക്ക് മീതെ നിര്‍മിക്കുന്ന പാലങ്ങളുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നു.