വി.എം.സിങ് |Photo:ANI
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍നിന്ന് പിന്മാറി.
കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്‍മാറ്റം.
'വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി ഈ സമരത്തില്‍ നിന്ന് പിന്മാറുന്നു.' അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം.സിങ് പറഞ്ഞു.
രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും എന്നാല്‍, ഈ രൂപത്തിലുള്ള പ്രതിഷേധത്തോടൊപ്പം നില്‍ക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മര്‍ദ്ദിക്കുന്നതിനോ അല്ല തങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്നും വി.എം.സിങ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ. ഗാസിപുര്‍ അതിര്‍ത്തിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തില്‍നിന്ന് പിന്മാറുമെന്ന വി.എം.സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയിലെ തന്നെ ഒരു വിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാകേഷ് ടികായത്തും വി.എം.സിങും ഉള്‍പ്പടെയുള്ള ഒമ്പതോളം കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംയുക്ത സമരസമിതി പിളര്‍ന്നതല്ലെന്നും കേന്ദ്ര നിലപാടുള്ളവരെ ഒഴിവാക്കിയതാണെന്നുമാണ് മറുഭാഗത്തിന്റെ വാദം.
രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നുവരികയാണ്. ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് മാര്‍ച്ചും മറ്റു കാര്യങ്ങളും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് അറിയിക്കും.
Content Highlights: AIKSCC, BKU(Bhanu) withdraw from farmers' protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..