File Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എ.ഐ.ഐ.എം.എസ്.) നേര്‍ക്കു നടന്ന സൈബര്‍ ആക്രമണത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഡല്‍ഹി പോലീസ്.
സൈബര്‍ ആക്രമണം നടത്താനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍നിന്നും ഹോങ് കോങ്ങില്‍നിന്നുമുള്ള ഇ മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ ലഭ്യമാക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സി.ബി.ഐയ്ക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ.) വിഭാഗമാണ് സി.ബി.ഐയ്ക്ക് കത്തെഴുതിയത്. ഇന്റര്‍പോളുമായി ബന്ധപ്പെടാനുള്ള നോഡല്‍ ഏജന്‍സിയാണ് സി.ബി.ഐ. അതിനാലാണ് വിഷയത്തില്‍ സി.ബി.ഐയ്ക്ക് കത്തെഴുതിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
നവംബര്‍ 23-നാണ് ഡല്‍ഹി എയിംസിനു നേര്‍ക്ക് സൈബര്‍ ആക്രമണം നടന്നത്. എയിംസിന്റെ നൂറ് സെര്‍വറുകളിലെ അഞ്ച് ഫിസിക്കല്‍ സെര്‍വറുകളാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ഐ.എഫ്.എസ്.ഒ. കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് സെര്‍വറിലെ വിവരങ്ങള്‍ പുനഃസ്ഥാപിക്കുകയും സുരക്ഷാച്ചുമതല വഹിച്ചിരുന്ന രണ്ട് അനലിസ്റ്റുകളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഡല്‍ഹി പോലീസിനെ കൂടാതെ എന്‍.ഐ.എ., ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി സൈബര്‍ ക്രൈം സ്‌പെഷല്‍ സെല്‍, സി.ബി.ഐ., ഐ.ബി. തുടങ്ങിയവരും സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Content Highlights: aiims cyber attack: delhi police seeks help of interpol writes to cbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..