ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും അണ്ണാ ഡിഎംകെയില്‍ ആസ്വാഭാവിക സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാമനാഥപുരം സീറ്റ് ബിജെപിയ്ക്ക് നല്‍കിയതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. 

കുറ്റ്യാടി മോഡലാണ് രാമനാഥപുരത്തും വിരുദാചലത്തും ആവര്‍ത്തിച്ചത്. രാമനാഥപുരത്ത് സിറ്റിംഗ് സീറ്റ് ബിജെപിയ്ക്ക് നല്‍കിയ അണ്ണാ ഡിഎംകെ സ്വയം കുഴിതോണ്ടുകയാണെന്ന് പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

വിരുദാചലം സീറ്റ് പിഎംകെയ്ക്കാണ് അണ്ണാ ഡിഎംകെ നല്‍കിയത്. സിറ്റിംഗ് എംഎല്‍എ വി.ടി കലൈസെല്‍വന്റെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രതിഷേധിച്ചു. കല്ലക്കുറിച്ചി, പല്ലാടം, ആലങ്കുടി, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. സീറ്റ് ലഭിക്കാതായതോടെ സാത്തൂരിലെ സിറ്റിംഗ് എംഎല്‍എ എം.എസ്.ആര്‍ രാജവര്‍മന്‍ അണ്ണാ ഡിഎംകെ വിട്ട് ടി.ടി.വി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേര്‍ന്നു.

ഡിഎംകെ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. തിരുവള്ളൂരിലെ പൊന്നേരി സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിഎംകെ ആസ്ഥാനത്തിലെത്തി പ്രതിഷേധിച്ചു. വിജയസാധ്യത ഇല്ലാതാക്കരുതെന്ന് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഡിഎംകെ നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

content highlights: AIADMK workers stage protest