ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വമാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ നേതൃത്വമെന്ന നിലയില്‍ 11 അംഗ ഉന്നതാധികാര സമിതിയെയും തിരഞ്ഞെടുത്തു.

പാര്‍ട്ടിയ്ക്കുള്ളിലെ പിന്തുണ പളനിസ്വാമിക്ക് തുണയായി. അതൃപ്തി പ്രകടിപ്പിച്ച ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ചില ആവശ്യങ്ങള്‍ പരിഗണിച്ചാണ് പാര്‍ട്ടിയില്‍ സമവായമുണ്ടാക്കിയത്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം അണികളും ആവേശത്തോടെ സ്വീകരിക്കുന്നു.

പാര്‍ട്ടി ഭരണത്തിനായി 11 അംഗ ഉന്നതാധികാര സമിതിയെ എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഉന്നതാധികാര സമിതിയില്‍ വനിതാ നേതാക്കളില്ല. പനീര്‍സെല്‍വത്തിന്റെ ആവശ്യപ്രകാരമാണ് സമിതി. പക്ഷേ സമിതിയിലും ഭൂരിപക്ഷം പളനിസ്വാമിക്കാണ്. മന്ത്രിമാരായ ദിണ്ടിഗല്‍ ശ്രീനിവാസന്‍, പി. തങ്കമണി, എസ്.പി. വേലുമണി, ഡി. ജയകുമാര്‍, സി.വി. ഷണ്‍മുഖം, ആര്‍. കാമരാജ് എന്നിവര്‍ എടപ്പാടി പക്ഷത്തുനിന്നും ജെ.സി.ടി. പ്രഭാകര്‍, മനോജ് പാണ്ഡ്യന്‍, പി. മോഹന്‍, ഗോപാലകൃഷ്ണന്‍, മാണിക്യം എന്നിവര്‍ പനീര്‍സെല്‍വ പക്ഷത്തുനിന്നും ഉന്നതാധികാര സമിതിയില്‍ എത്തി. തത്വത്തില്‍ ജയലളിതയ്ക്ക് ശേഷം അണ്ണാ ഡി.എം.കെയിലെ പ്രബല നേതാവായി വളരുകയാണ് എടപ്പാടി പളനിസ്വാമി.

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യം ഉന്നയിച്ച ഒ. പനീര്‍സെല്‍വം അതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് ചെന്നൈയിലും തേനിയിലുമായി ഒരാഴ്ചയോളം ഗ്രൂപ്പ് യോഗങ്ങളും ചേര്‍ന്നു. സമാന്തരമായി പളനിസ്വാമി പക്ഷവും യോഗങ്ങള്‍ നടത്തി. ഇരുപക്ഷവും ഇന്നലെ വൈകീട്ട് ആറുമണിയ്ക്ക് ആരംഭിച്ച അവസാന വട്ട ചര്‍ച്ച ഇന്ന് പുലര്‍ച്ചെ 3.30നാണ് അവസാനിച്ചത്. ഈ ചര്‍ച്ചയില്‍ സമവായത്തില്‍ എത്തുകയായിരുന്നു. ശേഷം ഇന്ന് രാവിലെ പത്ത് മണിയോടെ ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് വെച്ച് പ്രഖ്യാപനം നടത്തി.

Content Highlights: O Paneerselvam agreed to this decision