ചെന്നൈ:  തമിഴ്‌നാട്  മുഖ്യമന്ത്രി ഇ. പളനിസ്വാമിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എഐഎഡിഎംകെ എംഎല്‍എ കരുണാസിനെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിമശനപരമായ പ്രസ്താവന നടത്തിയതിന് കരുണാസിനെതിരെ പൊതുജനപ്രതിഷേധം നിലവിലുണ്ടായിരുന്നു.

ശശികലയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പളനിസ്വാമിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്ന  പ്രസ്താവന നടത്തിയതിന് കരുണാസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. 

വള്ളുവര്‍ കോട്ടത്ത് നടന്ന പൊതുപരിപാടിയിലെ പ്രസംഗത്തില്‍ നടത്തിയ നിയമവിരുദ്ധ പ്രസ്താവനകളാണ് കരുണാസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കാരണമായത്. 47 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെയും കരുണാസ് വിമര്‍ശിച്ചിരുന്നു. 2017 ല്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ നടന്ന കാര്യങ്ങള്‍ തനിക്കറിയാമെന്നും അത് പുറത്തു പറയാന്‍ മടിയില്ലെന്നും കരുണാസ് മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രസംഗത്തിനിടെ തന്റെ അനുയായികളോട് കൊലപാതകം ചെയ്തിട്ടു വന്നാല്‍ താന്‍ നോക്കിക്കോളാമെന്നും കരുണാസ് പറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ മുമ്പാകെ തനിക്ക് പറയാനുള്ളതൊക്കെ വെളിപ്പെടുത്താന്‍ ഒരുക്കമാണെന്നും കരുണാസ് പറഞ്ഞു. സാമുദായിക സ്പര്‍ധ ഉളവാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ട്.

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി ശ്രമം, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം, ഗൂഢാലോചന എന്നിവയ്ക്കാണ് കരുണാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദപരമായ പ്രസംഗം നടത്തിയതിന്  തമിഴ്‌നാട് നാടാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരുണാസിന്റെ സാലിഗ്രമത്തെ വീട് ഉപരോധിച്ചിരുന്നു.

രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കരുണാസ് തമിഴ്‌സിനിമകളില്‍ നിരവധി ഹാസ്യവേഷങ്ങൾ ചെയ്തിട്ടുണ്ട്.