ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പഴയ ശത്രുക്കള്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നത്. അതേസമയം ശശികല വിഭാഗവും നിലവിലെ എഐഎഡിഎംകെയും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊടുത്തത് ബിജെപിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ശശികല വിഭാഗം അമ്മ മക്കള്‍ മുന്നേറ്റ കഴഗം എന്ന പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാല്‍ പാര്‍ട്ടിയെ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്. ഇദ്ദേഹം രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തെ മാറ്റി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തിന് പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുകയും ചെയ്തു.

ലയിച്ച് ഒന്നാകുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നല്‍കണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിനും അധികാരത്തില്‍ തുടരാം. ടി.ടി.വി ദിനകരന് പാര്‍ട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. 

ലയിക്കുന്നതില്‍ ഇരുവിഭാഗത്തിനും തത്വത്തില്‍ യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവിഭാഗവും തമ്മില്‍ ലയിക്കാനുള്ള സമ്മര്‍ദ്ദം ബിജെപിയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ട്.

നിലവില്‍ തമിഴ്‌നാട്ടില്‍ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബിജെപിക്ക് ഇരുവരെയും ഒന്നിച്ചുനിര്‍ത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ മോചനത്തിന് ശേഷം മറ്റ് പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ശശികലയ്ക്കും പുതിയ നിര്‍ദ്ദേശം സ്വീകാര്യമെന്നാണ് വിവരങ്ങള്‍.

Courtesy: Indian Express 

Content Highlights: AIADMK and Sasikala hold talks for merger