അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയിലെത്തും.ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇന്ത്യ-ജപ്പാന്‍ തമ്മില്‍ നടക്കുന്ന പന്ത്രണ്ടാമത് ഉച്ചകോടിയാണ് ഇത്. അഹമ്മദാബാദിലെത്തുന്ന ഷിന്‍സോ ആബെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമവും സീതി സയ്യിദ് മസ്ജിദും അദ്ദേഹം സന്ദര്‍ശിക്കും. ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടലും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിക്കും. പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും. 

എട്ട് കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് സംയുക്ത റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. 

ജപ്പാനുമായുള്ള ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും വിവിധ മേഖലകളില്‍ ജപ്പാനുമായുള്ള സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 

ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-ജപ്പാന്‍ പരസ്പരം സഹകരണത്തിലുള്ള വിവിധ പദ്ധതികള്‍ ധാരണയായേക്കും.