ഗാന്ധിനഗര്‍: അഹമ്മദാബാദിലെ വെല്‍ജാപുര്‍ മേഖലയിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാന്‍ പ്രദേശവാസികള്‍ക്ക് പോലീസ് നിര്‍ദേശം. ഞായറാഴ്ച വെജാല്‍പുരിലെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ എത്തിയത്.
ഷായ്ക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കുന്നതെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്യൂണിറ്റി ഹാളിനു ചുറ്റും താമസിക്കുന്ന സ്വാമിനാരായണ്‍ സ്വാതി സമൂഹത്തിലെ അംഗങ്ങളും മറ്റുള്ളവരും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും വെജാല്‍പുര്‍ പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍.ഡി. ഒദെദ്ര ഇവര്‍ക്കയച്ച കത്തില്‍ പറയുന്നു.
അതേസമയം ഇത് ഉത്തരവല്ലെന്നും അപേക്ഷമാത്രമാണെന്നും ഒദെദ്ര വിശദീകരിച്ചു. പോലീസ് നടപടി എളുപ്പമാക്കുന്നതിനാണ് ആളുകളോട് ഇപ്രകാരം ആവശ്യപ്പെട്ടത്. ഹാളിനെ അഭിമുഖീകരിക്കുന്ന വാതിലുകളും ജനലുകളുമാണ് അടച്ചിടാന്‍ പറഞ്ഞത്. സുരക്ഷയൊരുക്കുന്നതിനു വളരെക്കുറച്ച് പ്രദേശങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതല്ലാതെ മറ്റൊരു കാരണവും ഇതിനുപിന്നിലില്ല-ഒദെദ്ര വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.
ഈ നടപടി സ്വീകരിക്കാന്‍ എന്തെങ്കിലും നിര്‍ദേശമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഇല്ലെന്നും തന്റെ മാത്രം നിര്‍ദേശമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഉദ്ഘാടനങ്ങള്‍ക്കുമായി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ അഹമ്മദാബാദിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..