ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് മോദി അനുസ്മരിച്ചു. മകന്‍ ഫൈസലിനെ അനുശോചനം അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'അഹമ്മദ് പട്ടേല്‍ജിയുടെ വിയോഗത്തില്‍ ഏറെ ദു:ഖമുണ്ട്. വര്‍ഷങ്ങളോളം പൊതുജീവിതത്തിലൂടെ അദ്ദേഹം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ മകന്‍ ഫൈസലുമായി സംസാരിച്ച് അനുശോചനം അറിയിച്ചു. അഹമ്മദ് ഭായിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - മോദി ട്വീറ്റ് ചെയ്തു. 

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലായിരുന്ന അഹമ്മദ് പട്ടേല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേല്‍ നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മൂന്നു തവണ ലോക്സഭയിലും അഞ്ച്‌ തവണ രാജ്യസഭയിലും അംഗമായ പട്ടേല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു.

conent highlights: Ahmed Patel's "Role In Strengthening Congress Would Be Remembered": PM