ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പാട്ടേല്‍. രാജീവ് വധത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ബി.ജെ.പി. ഒരുക്കി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ് ഗാന്ധിക്കും കുടുംബത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'അന്തരിച്ച മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭീരുത്വമാണ്, രാജീവ് വധിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണക്കാര്‍ ആരാണ്? രാജീവ് ഗാന്ധിക്കെതിരേ ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും വി.പി.സിങ് സര്‍ക്കാര്‍ ആവശ്യമായ സുരക്ഷയൊരുക്കിരുന്നില്ല. അദ്ദേഹത്തോടൊപ്പം ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്. '- അദ്ദേഹം ആരോപിച്ചു.

പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വി.പി.സിങ് സര്‍ക്കാരിന് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേയും സുരക്ഷയൊരുക്കണമെന്ന അപേക്ഷകളേയും തള്ളിക്കളയുകയായിരുന്നു.- പാട്ടേൽ  ട്വിറ്ററിൽ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വിമര്‍ശവുമായി അഹമ്മദ് പട്ടേല്‍ രംഗത്തെത്തിയിട്ടുള്ളത്. ഐ എന്‍ എസ് വിരാട് രാജീവ്ഗാന്ധി തന്റെ 'പേഴ്‌സണല്‍ ടാക്‌സി'യായി ഉപയോഗിച്ചെന്നായിരുന്നു ബുധനാഴ്ച മോദി നടത്തിയ പ്രസ്താവന.

Content Highlights: Ahmed Patel, BJP, Rajiv Gandhi death