ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി രാജ്യം തയാറെടുക്കുമ്പോള്‍ ഭീഷണി ഉയര്‍ത്തി പാക് ഭീകരര്‍. വ്യാജ അഫ്ഗാനിസ്താന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇവരില്‍ പലര്‍ക്കും പാസ്‌പോര്‍ട്ട് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തയിടെ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ രണ്ട് അഫ്ഗാനി യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അധികൃതര്‍ക്ക് ഇങ്ങനെയൊരു വിവരം ലഭിച്ചത്. തീവ്രവാദി ആക്രമണത്തിനായി പാകിസ്താന്‍ - അഫ്ഗാന്‍ പൗരന്‍മാരെ ഐ.എസ്.ഐ. പരിശീലിപ്പിച്ചുവരുന്നതായും റോയ്ക്ക് ( റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) വിവരം ലഭിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായി കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രാജ്പഥിന് 2.5 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കാനും എസ്പിജി മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.