Jignesh Mevaniലക്നൗ: വെള്ളിയാഴ്ച ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് പ്രക്ഷോഭ നായകന്‍ ജിഗ്‌നേഷ് മാവനിയെ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ജിഗ്‌നേഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ജിഗ്നേഷിനെ വിട്ടയച്ചത്.

66 ാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുന്നത് കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയിലായിരുന്നു മാവനിയെ കസ്റ്റഡിയിലെടുത്തത്.

ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ബര്‍ദന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കുമെന്നും അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

66ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേ വിമാനത്താവളത്തിലെത്തുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പായിരുന്നു അറസ്റ്റ്. 

ഒക്ടോബര്‍ ഒന്നു മുതല്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കുമെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിഗ്‌നേഷ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ദളിത് കുടുംബങ്ങള്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സമര പ്രഖ്യാപനം.