ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ദാമോ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാഹുല്‍ ലോധിയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ രാഹുല്‍ ലോധി ബിജെപി അംഗത്വം സ്വീകരിച്ചു.

ഇന്ന് രാവിലെയാണ് ലോധി നിയമസഭാ അംഗത്വം രാജിവെച്ചത്. 'ഞാന്‍ 14 മാസത്തോളം കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.. ഇന്ന് ഞാന്‍ സ്വമേധയാ ബിജെപിയില്‍ ചേര്‍ന്നു. ദാമോ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' രാഹുല്‍ ലോധി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം പറഞ്ഞു.

230 അംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന് 83 എംഎല്‍എമാരായി. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറി. നവംബര്‍ മൂന്നിന് മധ്യപ്രദേശിലെ 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് നിര്‍ണായകമാണ്.

Content Highlights: Ahead Of Madhya Pradesh Bypolls, Congress MLA Joins BJP