കനയ്യ കുമാർ | Photo: PTI
പട്ന: കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ സിപിഐ നേതാവ് കനയ്യ കുമാര്‍ പട്നയിലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ (എസി) അഴിച്ചുകൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്. കനയ്യ കുമാര്‍ വാങ്ങി ഘടിപ്പിച്ച എസി ഏതാനും ദിവസം മുമ്പ് അദ്ദേഹം തന്നെ അഴിച്ചുകൊണ്ടുപോയതായി സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു.
കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണെന്നും തിരികെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നും റാം നരേഷ് പാണ്ഡെ പറഞ്ഞു. അദ്ദേഹം സ്വന്തം ചെലവില്‍ വാങ്ങിവെച്ചാതാണ് എസി. അതിനാല്‍ തന്നെ അഴിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കിയെന്ന് റാം നരേഷ് പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരുന്ന തീരുമാനം അദ്ദേഹം തിരുത്തിയേക്കുമെന്നും റാം നരേഷ് പാണ്ഡെ പ്രതീക്ഷ പ്രകടിപ്പിച്ചു. 'അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തെന്നാല്‍ അദ്ദേഹത്തിന്റെ മനസ് ഒരു കമ്മ്യൂണിസ്റ്റിന്റേതാണ്. അത്തരം ആളുകള്‍ അവരുടെ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കും.'- പാണ്ഡെ പറഞ്ഞു.
ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. വൈകീട്ട് മൂന്നിന് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Ahead of joining Cong, Kanhaiya Kumar removes AC from Patna CPI office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..