ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി  ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ്. ചെങ്കോട്ടയ്ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങൾക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. സുരക്ഷ ഉറപ്പാക്കാന്‍ ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് വലിയ കണ്ടെയ്‌നറുകള്‍ നിരത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ദേശീയപതാക ഉയർത്തൽ ഉൾപ്പടെയുളള പ്രധാന ചടങ്ങുകൾ ചെങ്കോട്ടയിലാണ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോൺ ആക്രമണം നടത്താൻ പാകിസ്താൻ പിന്തുണയോടെ ഭീകരവാദ സംഘങ്ങൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുന്ന് ചെങ്കോട്ടയുടെ പിറക് വശത്തുകൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു.

ചെങ്കോട്ടയുടെ പരിസരത്ത് വെബ്സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റെയായിരുന്നു ഈ ഡ്രോണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. വെബ് സീരിസ് ചിത്രീകരണത്തിന് അനുമതി നൽകിയെങ്കിലും ഡ്രോൺ പറത്തുന്നതിനായി അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ വെബ്സീരീസ് അണിയറപ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ഡ്രോൺ, പാരാഗ്ലൈഡിങ്, ഹോട്ട് എയർ ബലൂൺ എന്നിവയ്ക്ക് ഡൽഹി പോലീസ് കമ്മിഷണർ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരോധനമേർപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16 വരെയായിരിക്കും നിയന്ത്രണം.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

Content Highlights:Ahead of Independence Day 15th August, Delhi Police strengthen security near Red Fort-Chandni Chowk area