
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശുപാര്‍ശ. കോണ്‍ഗ്രസിന്റെ 'ചിന്തന്‍ ശിബിര'ത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട യുവാക്കളുടെ സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളിലും 45 വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, നേതൃത്വത്തിലേയ്ക്ക് പരിഗണിയ്ക്കുക, എല്ലാ സംസ്ഥാനങ്ങളിലും യുവജനവിഭാഗം ശക്തിപ്പെടുത്തുക എന്നീ ശുപാര്‍ശകളാണ് സമിതി പ്രധാനമായും ഉന്നയിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ട ശേഷം യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം അല്‍പ്പം കൂടി വേഗത്തിലാക്കിയിട്ടുണ്ട്. പഞ്ചാബില്‍ നവ്ജ്യോത് സിങ് സിദ്ദുവില്‍ നിന്ന് രാജി എഴുതിവാങ്ങി, പകരം അമരീന്ദര്‍ സിങ് വാറിങ്ങിന് ചുമതല നല്‍കിയത് ഇതിന്റെ നല്ല ഉദാഹരണമാണ്. 44 വയസ്സ് മാത്രമാണ് വാറിങ്ങിന്റെ പ്രായം. ഇതേ വാറിങ്ങ് അധ്യക്ഷനായ സമിതിയാണ് പാര്‍ട്ടിയില്‍ യുവപ്രാതിനിധ്യം കൂടുതലാക്കണമെന്ന ശുപാര്‍ശ നാളെ സോണിയാ ഗാന്ധിയ്ക്ക് സമര്‍പ്പിക്കുക. കേരളത്തിലെ എംഎല്‍എയായ റോജി എം.ജോണും ഈ സമിതിയില്‍ അംഗമാണ്.
സംഘടനാസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച സമിതി അംഗമായ രമേശ് ചെന്നിത്തല 11 നിര്‍ദേശങ്ങളാണ് ഇന്ന് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സമര്‍പ്പിച്ചത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സംഘടനാതലത്തിലെ മാറ്റങ്ങള്‍ നിര്‍ദേശിച്ച ചെന്നിത്തല തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് നിര്‍ദേശങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടുത്തിയത്.
വിജയസാധ്യതയുള്ള 250 ലോക്സഭ മണ്ഡലങ്ങള്‍ കണ്ടെത്തി പാര്‍ട്ടി സംവിധാനം ശക്തമാക്കണം. ഓരോ ബൂത്തിലും 10-15 പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഒരു പ്രവര്ത്തകന് 40 വീടുകളുടെ ചുമതല നല്‍കണം. താഴേത്തട്ടിലെ പ്രചാരണത്തിന് വാട്സ്ആപ് കൂട്ടായ്മകള്‍ ഫലപ്രദമായി ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ദേശീയ നേതൃത്വം കോര്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണം. ജനപിന്തുണയുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ചെന്നിത്തല സമിതി യോഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു.
ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് സമിതികളെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്. ഓരോ സമിതിയും അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നു. തിങ്കളാഴ്ച രാവിലെ ആറ് ഉപസമിതി കണ്‍വീനര്‍മാരുമായി സോണിയാഗാന്ധി കൂടിക്കാഴ്ച നടത്തും. ശേഷം വൈകീട്ട് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. മെയ് 13,14,15 തീയതികളിലാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം ചേരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..