ഗുപ്തേശ്വർ പാണ്ഡെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം| PTI File Photo
പാട്ന: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ പോലീസ് മേധാവി ഗുപ്തേശ്വര് പാണ്ഡെ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നല്കി. ഇദ്ദേഹത്തിന്റെ അപേക്ഷ ബിഹാര്‍ ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. സുശാന്ത് സിങ് രജപുത് കേസില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ഗുപ്തേശ്വര് പാണ്ഡെയുടേത്.
ഇപ്പോള്‍ വിആര്‍എസ് എടുത്തത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമാണെന്നാണ് സൂചനകള്‍. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
ഇതാദ്യമായല്ല ഗുപ്തേശ്വര് പാണ്ഡെ പോലീസ് യൂണിഫോം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അഴിച്ചുവെക്കുന്നത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വിആര്‍എസ് എടുത്തിരുന്നു. ബക്സര്‍ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനാണ് താത്പര്യപ്പെട്ടതെങ്കിലും അത് നടന്നില്ല. സിറ്റിങ് എംപിയായ ലാല്‍മുനി ചൗബയെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി താത്പര്യപ്പെട്ടത്.
തെരഞ്ഞെടുപ്പിന് ശേഷം ഒമ്പത് മാസങ്ങള്‍ കഴിഞ്ഞ് ഗുപ്തേശ്വര് പാണ്ഡെ അന്നത്തെ നിതീഷ് കുമാര്‍ സര്‍ക്കാരിനോട് താന്‍ വിആര്‍എസ് എടുത്ത തീരുമാനം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നതായി കാട്ടി അപേക്ഷ നല്കി. അപേക്ഷ അംഗീകരിച്ച് ഇദ്ദേഹത്തെ പിന്നീട് സേനയില്‍ തിരിച്ചെടുക്കുകയും തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഡിജിപി പദവിയിലെത്തുകയും ചെയ്തു.
ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കമെന്നാണ് വിവരം.
Content Highlights: Ahead of Bihar polls, Bihar DGP Gupteshwar Pandey takes voluntary retire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..