ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ നോട്ട് നിരോധനം പ്രതിസന്ധിയിലാക്കിയെന്ന നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര കൃഷിമന്ത്രാലയം. പാര്‍ലമെന്ററി സമിതിക്ക് നല്‍കിയ കുറിപ്പില്‍ നോട്ട് നിരോധനം കാര്‍ഷിക മേഖലിയില്‍ വിപരീത ഫലമുണ്ടാക്കിയെന്ന് നേരത്തെ കൃഷി മന്ത്രാലയം പറഞ്ഞിരുന്നു.
2016-ലെ നോട്ട് നിരോധനത്തിന് ശേഷം നിരവധി കര്‍ഷകര്‍ക്ക് വളമോ വിത്തുകളോ വാങ്ങാന്‍ കഴിയുന്നില്ലെന്ന് ധാനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തക്കിയിരുന്നു. എന്നാല്‍ ഇത് വിവാദമാകുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച തിരുത്തലുമായി മന്ത്രാലയം രംഗത്തെത്തി.
ദേശീയ സീഡ്സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നല്‍കിയ വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി പാനലില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നും വിത്തുകള്‍ വിതരണം ചെയ്യുന്ന മറ്റു സംവിധാനങ്ങളുടെ കണക്കുകളെടുത്തിട്ടില്ലെന്നും കൃഷിമന്ത്രാലയം അവകാശപ്പെടുന്നു. നോട്ട് നിരോധനംമൂലം കര്‍ഷകര്‍ക്ക് ഒരുതരത്തിലുള്ള ദോഷവും ഉണ്ടായിട്ടില്ലെന്നും മറിച്ച് ഗുണമാണ് ഉണ്ടായതെന്നും മന്ത്രാലയത്തിലെ ഒരു അംഗം വ്യക്തമാക്കി.
കര്‍ഷകരെ നോട്ട് നിരോധനം ബാധിച്ചെന്ന കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രചാരണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ റിപ്പോര്‍ട്ട് ആയുധമാക്കിയിരുന്നു.
Content Highlights: Demonetisation, Agriculture Ministry,BJP