രാഹുൽ ഗാന്ധി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി സര്‍ക്കാരിനെ പാഠംപഠിപ്പിക്കണമെന്നും കോണ്‍ഗ്രസ്. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷി നരേന്ദ്ര സിങ് തോമര്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആഹ്വാനം.
കര്‍ഷകരോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ കാര്‍ഷിക മന്ത്രി അപമാനിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് അപലപനീയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'വീണ്ടും കര്‍ഷക വിരുദ്ധ നടപടികള്‍ സ്വീകരിച്ചാല്‍ അന്നദാതാക്കളുടെ സത്യാഗ്രഹം വീണ്ടും വരും. അഹന്തതയെ തോല്‍പ്പിച്ച് കര്‍ഷകര്‍ ആ തീരുമാനത്തെ പരാജയപ്പെടുത്തും', രാഹുല്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തോമര്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സൂചന നല്‍കിയത്.
'ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്കാരമായിരുന്നു അവ, എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്', തോമര്‍ പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..