ആഗ്ര: സൈന്യത്തില്‍ ചേരാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് ആഗ്ര സ്വദേശിയായ 24കാരന്‍ ആത്മഹത്യ ചെയ്തത്. 1:09 മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ 2750 പേര്‍ തല്‍സമയം കണ്ടെങ്കിലും ഒരാള്‍ പോലും പോലീസിനെയോ ഇയാളുടെ കുടുംബത്തേയോ വിവരമറിയിച്ചില്ല. 

ന്യൂ ആഗ്രയിലെ ശാന്തി നഗറിലുള്ള മുന്ന കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. ബി.എസ്.സി ബിരുദധാരിയാണ് മുന്ന. ബുധനാഴ്ച്ച അതിരാവിലെയാണ് ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ട്‌ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും ഇയാളുടേതായി കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ തന്റെ മരണത്തില്‍ താന്‍ തന്നെയാണ് ഉത്തരവാദിയെന്നും അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മുന്ന കുറിച്ചിട്ടുണ്ട്.

മുന്ന ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്നെന്നും സൈന്യത്തില്‍ ചേരാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നെന്നും മുന്നയുടെ സഹോദരന്‍ വികാസ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ താനും മുന്നയും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നെന്നും അപ്പോള്‍ മുന്ന സാധാരണ നിലയിലായിരുന്നെന്നും വികാസ് വ്യക്തമാക്കി. 

content highlights: Agra youth live-streams suicide