ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുന്നതാണെന്നും മാധ്യമസ്ഥാപനങ്ങളിലെ പരിശോധനയിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍.

രണ്ടു മാധ്യമസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് വ്യാഴാഴ്ച നടത്തിയ റെയ്ഡുകള്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഷയത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്നും ചിലപ്പോള്‍ സത്യത്തില്‍നിന്നും ഏറെ അകലെയുള്ള ഒരുപാടുകാര്യങ്ങള്‍ പുറത്തുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യത്തിന്റെ ശബ്ദത്തെ ഞെക്കിക്കൊല്ലുന്നതാണ് റെയ്ഡുകളെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഭാരത് സമാചാര്‍, ദൈനിക് ഭാസ്‌കര്‍ എന്നീ മാധ്യമസ്ഥാപനങ്ങളുടെ വിവിധയിടങ്ങളിലെ ഓഫീസുകളില്‍ നികുതിവെട്ടിപ്പ് ആരോപിച്ച് ആദായ നികുതി വകുപ്പ് വ്യാഴാഴ്ച റെയ്ഡുകള്‍ നടത്തിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

Content Highlights: Agencies doing their job; There is no interference- Anurag Thakur