മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ വായിക്കരുത് എന്ന് തന്നോട് ഒപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സും  (intern)  ആവശ്യപ്പെട്ടതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. 

മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും, വിഷയത്തില്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

വിധിക്ക് പിന്നാലെ തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഹീനമായ  ഭീഷണിയും അധിക്ഷേപവും ഉണ്ടായതായി അവര്‍ അറിയിച്ചു. കണ്ട സന്ദേശങ്ങളില്‍ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക കാരണം അവരില്‍ പലരും ഉറങ്ങിയില്ല എന്ന് അറിയിച്ചതായും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ തനിക്ക് അക്കൗണ്ട് ഇല്ല എന്നും കുടുംബ വാട്ട് സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് അക്കൗണ്ട്  ഉള്ളത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. 

ശബരിമല യുവതി പ്രവേശന വിധിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും  പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കില്‍ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃ പരിശോധന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കാന്‍ ഇരിക്കെ ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഈ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രത്യേക വിധി എഴുതിയിരുന്നു.  ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് വിധി എഴുതി.

യുവതി പ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ത നിലപാടിനെ താന്‍ മാനിക്കുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ ഒരു വനിത ജഡ്ജിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ആകും എന്ന് തന്നോട് ചോദിച്ചവരോട് പുരുഷന്‍ ചിന്തിക്കുന്ന തരത്തില്‍ തന്നെ സ്ത്രീയും ചിന്തിക്കണം എന്ന കാഴ്ചപ്പാട് ശരി അല്ല എന്ന് അഭിപ്രായപ്പെട്ടതായും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. 

Content Highlights: After Sabarimala verdict, Justice DY Chandrachud reveals he received vile threats