ജയ്പുര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. 

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിങ് സിങ് ഡോട്ടാസര എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് യോഗം. പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ജയ്പൂരിലേക്ക്‌ പുറപ്പെട്ടു. ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പമുള്ള 18 എം.എല്‍.എമാരുമായാണ് സച്ചിന്‍ കഴിഞ്ഞ കൊല്ലം ഗെഹലോത്തിനെതിരെ കലാപം നടത്തിയത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി ഉടന്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് സച്ചിന്‍ ഈയാഴ്ചയാദ്യം സൂചനകള്‍ നല്‍കിയിരുന്നു. 

പാര്‍ട്ടി, സച്ചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാര്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ വികസനത്തെ കുറിച്ചും രാഷ്ട്രീയ നിയമനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ ആയിരുന്നു ഇത്. പരമാവധി 30 പേര്‍ക്കാണ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയുക. നിലവില്‍ 21 മന്ത്രിമാരാണുള്ളത്. ഒന്‍പത് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. സച്ചിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനവും ഒപ്പം സച്ചിന്‍ പൈലറ്റിന്റെ പദവിയുമാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദു.

content highlights: after punjab, congress to resolve rajastan infighting