ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രിപദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനം മാലദ്വീപിലേക്ക്. ജൂണ്‍ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക മാലദ്വീപ് ആയിരിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജൂണ്‍ ആദ്യവാരം തന്നെ നരേന്ദ്രമോദി മാലദ്വീപില്‍ എത്തുമെന്നാണ് വിവിധ മാലദ്വീപ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്രമോദി മാലദ്വീപില്‍ എത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു.
നേരത്തെ അബ്ദുള്ള യാമീന്‍ പ്രസിഡന്റായിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബന്ധം മെച്ചപ്പെട്ടു.
Content Highlights: after poll victory, prime minister narendra modi's first foreign trip to maldives on june