പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍. അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണിത്.
അതിനിടെ, രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കര്‍ഷക സംഘടനകള്‍ തള്ളി. പ്രക്ഷോഭങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന അംഗം ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സര്‍ക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായി. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ 11 തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ 12 - 18 മാസത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദ്ദേശം അവസാനവട്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, കര്‍ഷക സംഘടനകള്‍ നിര്‍ദ്ദേശം തള്ളുകയാണ് ഉണ്ടായത്.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ 70 ദിവസത്തിലേറെയായി സമരം നടത്തുന്നത്. പഞ്ചാബ്, ഹരിയാണ, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് പ്രധാനമന്ത്രി മോദി കര്‍ഷക സമരത്തെപ്പറ്റി പ്രതിപാദിച്ചത്. മണ്ഡികള്‍ നവീകരിക്കുമെന്നും താങ്ങുവില മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും പറഞ്ഞിരുന്നു. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും വീണ്ടും ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയത്.
അതിനിടെ താങ്ങുവിലയില്‍ മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ അതുസംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നല്കാന് മടിക്കുന്നത് എന്തിനാണെന്ന് മറ്റൊരു കര്‍ഷക നേതാവ് അഭിമന്യു കോഹര്‍ ചോദിച്ചു. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: After PM Modi's invite, farmer leaders say ready for talks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..