കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മകന്‍ ശുഭ്രാംശു റോയ്. അമ്മയുടെ മരണശേഷം അച്ഛന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ശരീരത്തിലെ കെമിക്കല്‍ ബാലന്‍സ് നഷ്ടമായതിനാല്‍ അച്ഛന് മറവി രോഗമുണ്ടെന്നും തൃണമൂൽ നേതാവ് കൂടിയായ ശുഭ്രാശു വ്യക്തമാക്കി. 

അച്ഛന്റെ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യത്തിന്റെ അളവ് സന്തുലിതാവസ്ഥയിലല്ല. ഇതു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അദ്ദേഹം കാര്യങ്ങളെല്ലാം മറക്കുന്നു. അമ്മയുടെ മരണ ശേഷമാണ് ഈ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത്. അച്ഛന്റെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് വളരെയേറെ ആശങ്കയുണ്ട്. അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമല്ലെന്നും ശുഭ്രാശു വിശദീകരിച്ചു. കഴിഞ്ഞ മാസമാണ് മുകുള്‍ റോയിയുടെ ഭാര്യ മരിച്ചത്. 

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ്‌ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് മുകുള്‍ റോയ് പറഞ്ഞത്. എന്നാല്‍ നാക്കുപിഴ മനസിലാക്കിയ മുകുള്‍ റോയ് ഉടന്‍ തന്നെ പ്രസ്താവന തിരുത്തുകയും ബംഗാളില്‍ തൃണമൂല്‍ വിജയക്കുമെന്നതില്‍ യാതൊരു സംശയുമില്ലെന്നും ബിജെപി തകരുമെന്നും വ്യക്തമാക്കിയിരുന്നു. 

അതേസമയം മുകുള്‍ റോയിയുടെ പ്രസ്താവനയെ ബംഗാള്‍ ബിജെപി ഏറ്റുപിടിച്ചു. അദ്ദേഹം അറിയാതെ സത്യസന്ധമായ കാര്യങ്ങളാണ് വിളിച്ചുപറഞ്ഞതെന്നും ബിജെപി വ്യക്തമാക്കി. 

മമതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2018ലാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 2021 മേയിലാണ് മൂന്ന് വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

content highlights: After Mukul Roy's 'Slip of Tongue', Son Says TMC Leader Suffering from Depression After Wife's Death