ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബിജെപിക്കെതിരേ ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കം ചര്‍ച്ച ചെയ്യാനായി എന്‍സിപി നേതാവ് ശരത് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പവാര്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. 

2024 പൊതുതിരഞ്ഞെടുപ്പിനൊപ്പം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിലേക്ക് ആര്‍ജെഡി, എഎപി, ത്രിണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 15 പാര്‍ട്ടികളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 

ഫറൂഖ് അബ്ദുള്ള, യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സജ്ഞയ് സിങ്, എപി സിങ്, ഡി രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനാണ് ശരത് പവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്‍ഡിഎ സഖ്യത്തെ നേരിടാന്‍ വിവിധ പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിച്ച് മൂന്നാം മുന്നണി രൂപീകരിക്കാനാണ് പവാര്‍ സഖ്യത്തിന്റെ നീക്കമെന്നാണ് സൂചന. 2024-ല്‍ ബി.ജെ.പിയെ അടിതെറ്റിക്കാനുള്ള സാഹചര്യങ്ങള്‍ മുന്നിലുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിനായി പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ട് പോവാനുള്ള നീക്കമാണ്  പ്രശാന്ത് കിഷോര്‍ നടത്തുന്നത്. 12 പാര്‍ട്ടികളെയാണ് കിഷോര്‍ അണിനിരത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

content highlights: After meeting Prashant Kishor, Sharad Pawar calls Opposition party meet tomorrow