പ്രതീകാത്മകചിത്രം | Photo : AFP
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാണ സര്‍ക്കാര്‍. റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യാമെന്നറിയിച്ച മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചുള്ള വിശദ വിവരം തേടിയാണ് ഹരിയാണ കേന്ദ്രത്തിന് കത്തെഴുതിയത്. വാക്‌സിന്‍ വിതരണത്തിനായി ഹരിയാണ ആഗോളതലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു പ്രസ്തുത കമ്പനിയുടെ പ്രതികരണം. ഒരു ഡോസ് വാക്‌സിന് 1,120 രൂപയാണ് കമ്പനി വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്.
കോവിഡ്-19 വാക്‌സിന്‍ വിതരണത്തിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതായും തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി താത്പര്യം പ്രകടിപ്പിച്ചതായും കത്തില്‍ പറയുന്നു. കമ്പനിയുടെ ഈ രംഗത്തെ മുന്‍കാലപരിചയത്തെ കുറിച്ചും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയെ കുറിച്ചും വിലയിരുത്താന്‍ സഹായിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കമ്പനി താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറ അറിയിച്ചു. 60 ദശലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കാമെന്ന് കമ്പനി ഓഫര്‍ നല്‍കിയതായും ഇക്കാര്യം സഭയുടെ പരിഗണനയ്ക്ക് വെക്കുമെന്നും മന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു.
ടെന്‍ഡര്‍ അനുവദിച്ചാല്‍ മുപ്പത് ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ കമ്പനി വിതരണം ചെയ്യുമെന്നും തുടര്‍ന്ന് ഓരോ 20 ദിവസക്കാലയളവില്‍ പത്ത് ലക്ഷം ഡോസ് വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹരിയാണ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തിനുള്ള ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയ പ്രഖ്യാപനത്തെ തുടര്‍ന്ന് വിതരണത്തിനുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള തിരക്കിലാണ് സംസ്ഥാനങ്ങള്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ അനുവദിച്ചിട്ടുള്ളത്.
Content Highlights: After Malta Firm Offers 6 Crore Sputnik Jabs, Haryana Seeks Centre's Help
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..