ചണ്ഡീഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. ജനുവരി 16 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരിക്കും പ്രമേയം അവതരിപ്പിച്ചേക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയാകും പഞ്ചാബ് സര്‍ക്കാരിന്റെ പ്രമേയം. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനമെടുക്കും. 

നേരത്തെ കേരള നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക പിന്തുടര്‍ന്നാണ് പഞ്ചാബ് സര്‍ക്കാരും പ്രമേയം അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

Content Highlights: after kerala assembly, punjab may be bring resolution against caa in coming assembly session