ന്യൂഡൽഹി: കപിൽ സിബലിന്റെ പ്രസ്താവനകളെ തുടർന്ന് വാക് പോര് രൂക്ഷമായ കോൺഗ്രസിൽ സമവായത്തിന് വഴിമരുന്നിട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച നാല് നേതാക്കളെ സോണിയാ ഗാന്ധി തന്റെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുടെ സംഘത്തിലെ നാല് പ്രമുഖരെയാണ് ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തിക കാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തുന്നതായി സോണിയ ഗാന്ധി അറിയിച്ചത്.

മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തെ സാമ്പത്തിക കാര്യ കമ്മറ്റിയിൽ ഉൾപ്പെടുത്തി. വിദേശകാര്യത്തിനുള്ള കമ്മിറ്റിയിൽ ആനന്ദ് ശർമ, ശശി തരൂർ എന്നവരെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയിൽ ഗുലാം നബി ആസാദ്, വീരപ്പ മൊയ്ലി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പി. ചിദംബരം ഭിന്നാഭിപ്രായം പ്രകടിപ്പ് കത്തെഴുതിയ സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ കപിൽ സബലിന്റെ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ചുകൊണ്ട് സമാന നിലപാട് പ്രകടിപ്പിച്ചിരുന്നു.

ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് കപിൽ സിബൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തോടെയാണ് കോൺഗ്രസിലെ ഭിന്നത രൂക്ഷമായി മാറിയത്. ബിഹാറിലെയും മറ്റു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി സംബന്ധിച്ച് നേതൃത്വം പ്രതികരിക്കാത്തതിനെ അദ്ദേഹം വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ബദലായി സ്വയം ഉയർത്തിക്കാണിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിന് മറുപടിയുമായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. കപിൽ സിബൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തില്ലെന്നും ഒന്നും ചെയ്യാതെ വെറുതെ സംസാരിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തങ്ങൾക്കു പറ്റിയ പാർട്ടിയല്ലെന്ന് ചില നേതാക്കൾ വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് പുതിയ പാർട്ടിയുണ്ടാക്കുകയോ പുരോഗമനപരവും തങ്ങളുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു മറുപടിയുമായി എതിർ വിഭാഗം വീണ്ടും രംഗത്തെത്തി. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ കപിൽ സിബൽ അടക്കമുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് കപിൽ സിബലുമായി അടുത്ത വൃത്തങ്ങൾ ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ ഈ നേതാക്കളെയാരെയും ഉൾപ്പെടുത്തിയില്ലെന്നും പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതിരുന്നതിനാലാണ് പ്രചാരണത്തിൽ പങ്കെടുക്കാതിരുന്നതെന്നും അവർ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭിന്നിച്ചുനിൽക്കുന്ന വിഭാഗത്തിനുകൂടി ചുമതലകൾ നൽകാനുള്ള സോണിയ ഗാന്ധിയുടെ നീക്കം. ഡൽഹിയിലെ വായു മലിനീകരണത്തെ തുടർന്ന് ഗോവയിലേയ്ക്ക് പോകുന്നതിന് തൊട്ടു മുൻപായാണ് നേതാക്കളെ പുതിയ സമിതികളിൽ ഉൾപ്പെടുത്താനുള്ള തീരുമാനം അവർ പ്രഖ്യാപിച്ചത്.

Content Highlights:After Kapil Sibal's Remarks, Sonia Gandhi Names 4 "Dissenters" To Panels