ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 36 റണ്ണിന് ടീമിലെ എല്ലാവരും പുറത്തായെങ്കിലും പിന്നീട് ഇന്ത്യ നടത്തിയ തിരിച്ചു വരവും ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ വിജയവും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പ്രചോദനം നല്‍കുന്ന സന്ദേശമാണെന്ന് പാര്‍ട്ടി മുന്‍ വക്താവ് സഞ്ജയ് ഝാ.
കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കുന്നത് തുടരാതെ കോണ്‍ഗ്രസും പഴയ പ്രതാപത്തിലേക്ക് മടങ്ങി വരണമെന്ന് ഝാ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഝായുടെ പരാമര്‍ശം.
ഇന്ത്യ കേവലം 36 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ടീമിന്റെ തിരിച്ചുവരവും നേടിയ വിജയവുമെല്ലാം നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തേക്കാള്‍ മികച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന്റെ നേട്ടം. പാര്‍ട്ടിയുടെ മേല്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും പൊടിയും കുടഞ്ഞു കളഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രതാപത്തിലേക്ക് മടങ്ങിയെത്തണമെന്നുമാണ് ഝായുടെ ട്വീറ്റ്.
They were bowled out for 36 in the first Test.
— Sanjay Jha (@JhaSanjay) January 19, 2021
The comeback is made of fairy-tale stuff.
For my good ole Grand Old Party there is as inspirational message here. We got 44. :-)).
Get up, shake off the dust and dirt, and fight. And stop moping and crying about the past.
കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് സഞ്ജയ് ഝായെ കഴിഞ്ഞ കൊല്ലം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളാണ് കോണ്‍ഗ്രസിന് ആകെ ലഭിച്ചത്. 2019 ലെ തിരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകള്‍ കൂടി നേടിയെങ്കിലും പരിതാപകരമായ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെ സഞ്ജയ് ഝാ നിരന്തരം വിമര്‍ശിച്ചിരുന്നു.
Content Highlights: After India Win Cricket Test Sanjay Jha's Message For Congress