ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ത്രിദിന ട്രാക്ടര്‍ റാലിക്ക് ഇന്ന് പഞ്ചാബില്‍ തുടക്കം കുറിക്കും. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് ശനിയാഴ്ച സന്ദര്‍ശിച്ചതിന് ശേഷമാണ് രാഹുല്‍ ഇന്ന് പഞ്ചാബിലേക്കെത്തുന്നത്.
മൊഗയില്‍ നിന്ന് പട്യാലയിലേക്ക് 50 കിലോമീറ്ററിലധികമാണ് ട്രാക്ടര്‍ റാലി. ആറിന് റാലി അവസാനിക്കും. മാല്‍വ മേഖലയിലെ മൊഗ, ലുധിയാന, സംഗ്രൂര്‍, പട്യാല എന്നീ ജില്ലകളിലൂടെയാകും റാലി കടന്നുപോകുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും റാലിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ട്രാക്ടര്‍ റാലിയില്‍ പങ്കുചേരും. എല്ലാ ദിവസവും രാവിലെ 11-നാണ് റാലി ആരംഭിക്കുക.
നിഹാല്‍ സിങ് വാലയിലെ ബദ്‌നി കലനില്‍ നടക്കുന്ന പൊതുയോഗത്തോടെയാകും ആദ്യദിന റാലിക്ക് തുടക്കം. പട്യാലയില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി ഹരിയാണയിലേക്ക് പ്രവേശിക്കും. ഹരിയാണയില്‍ നടക്കുന്ന കാര്‍ഷിക സമര പരിപാടികളിലും രാഹുല്‍ പങ്കെടുക്കും.
ഹാഥ്‌റാസിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. അതിന്റെ തരംഗം കാര്‍ഷിക റാലിയിലും കാണാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
Content Highlights: After Hathras Visit, Rahul Gandhi's 3-Day Tractor Rally In Punjab Against Farm Laws