ലക്‌നൗ: ഉത്തര്‍ പ്രദേശിലെ സാംഭാല്‍ ജില്ലയില്‍ ഒരു കൂട്ടം അക്രമികളുമായി ഏറ്റുമുട്ടുകയായിരുന്നു ആ പോലീസുകാര്‍. തന്റെ കയ്യിലുള്ള തോക്ക് ഉപയോഗിച്ച് അക്രമികളെ നേരിടുന്നതിനിടെ ഒരു പോലീസുകാരന്റെ തോക്ക് ജാമായി. അക്രമികള്‍ തൊട്ടടുത്തുണ്ട്. അയാള്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. തോക്ക് ഉന്നം പിടിച്ച് വെടിശബ്ദമുണ്ടാക്കി നേരിട്ടു. വെടിപൊട്ടിയില്ലെങ്കിലും വായില്‍ നിന്ന് വന്നത് ഉഗ്രന്‍ വെടിയൊച്ചകള്‍. മറ്റൊരാള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.

ഒക്ടോബര്‍ 12 നാണ് ഈ സംഭവം നടക്കുന്നത്. വീഡിയോയില്‍ ഇയാള്‍ ഈ ശബ്ദം ഉണ്ടാക്കുന്നത് കൃത്യമായി കേള്‍ക്കുന്നുണ്ട്. തോക്ക് ജാമായത് കൊണ്ടാണ് പോലീസുകാരന്‍ ഈ ശബ്ദം ഉണ്ടാക്കിയതെന്ന് യു.പി പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. അക്രമികളെ പേടിപ്പിക്കാനും കീഴടങ്ങാനായി പ്രേരിപ്പിക്കാനുമായി തങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. ഒരു അക്രമിയെയും പോലീസ് പിടികൂടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. നിരവധി കവര്‍ച്ചാ കേസ്സുകളില്‍ പ്രതിയായ ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖായിപിക്കുകയും ഇയാളുടെ തലക്ക് 2500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

content highlights: After Gun Jams, UP Cop Shouts To Scare Accused