ന്യൂഡൽഹി: ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോ ഇനി കൈകാര്യം ചെയ്യില്ലെന്ന് അദാനി പോർട്ട്. നവംബർ 15 മുതൽ ഇത് ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ തീരുമാനം.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ  ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ കാർഗോ അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടുകളിലും സ്വീകരിക്കില്ലെന്നാണ് കമ്പനി കുറിപ്പിൽ വ്യക്തമാക്കുന്നത്. 

സെപ്തംബർ 13നാണ് 20,000 കോടി വിലവരുന്ന 3000 കിലോഗ്രാം ഹെറോയിൻ ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോർട്ടിൽ നിന്ന് പിടികൂടുന്നത്. അഫ്ഗാനിസ്താനിൽ നിന്നായിരുന്നു കണ്ടെയിനർ വന്നത് എന്നാണ് വിവരം. അന്വേഷണത്തിൽ അഫ്ഗാനിസ്താൻ, ഉസ്ബകിസ്താൻ പൗരന്മാരും തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.