വളർത്തുനായയ്ക്കൊപ്പം ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും സ്റ്റേഡിയത്തിൽ നടക്കുന്നു, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം
ന്യൂഡല്‍ഹി: ഐഎഎസ് ദമ്പതികള്‍ക്ക് വളര്‍ത്തുനായയ്ക്കൊപ്പം നടക്കുന്നതിനായി സര്‍ക്കാര്‍ സ്റ്റേഡിയം വൈകുന്നേരം ഏഴ് മണിക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി. സംഭവത്തില്‍ ആരോപണം നേരിടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി.
വിവാദത്തിനാധാരമായ സംഭവം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടേയുമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇരുവരേയും സ്ഥലംമാറ്റിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. വിഷയത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറിയോട് മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മിച്ച ത്യാഗരാജ സ്റ്റേഡിയമാണ് വൈകുന്നേരം ഏഴ് മണിക്ക് അടയ്ക്കാനും കായികതാരങ്ങള്‍ നേരത്തെ പരിശീലനം അവസാനിപ്പിക്കാനും നിര്‍ദേശം ലഭിച്ചത്. ഉദ്യോഗസ്ഥനും ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കൊപ്പം നടക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് താരങ്ങളും പരിശീലകരും ആരോപിച്ചത്. വിവാദത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഡല്‍ഹിയിലെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വേണ്ടി രാത്രി 10 വരെ തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
2010 കോമണ്‍വെല്‍ത്ത് ഗെയിംസിനായിണ് ത്യാഗരാജ സ്റ്റേഡിയം നിര്‍മിച്ചത്. നിരവധി കായിക താരങ്ങള്‍ ഇവിടെ പതിവായി പരിശീലനം നടത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..