ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം 29ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ലമെന്റ് മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ സിംഘുവിന്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തീരുമാനിച്ചു. കര്‍ഷകപ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സമര പരിപാടികളില്‍ മാറ്റമില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ബീര്‍ സിങ് രജേവല്‍ പറഞ്ഞു. നവംബര്‍ 22-ന് മഹാപഞ്ചായത്ത്, 26-ന് അതിര്‍ത്തികളില്‍സമ്മേളനങ്ങള്‍, 29-ന് പാര്‍ലമെന്റ് ട്രാക്ടര്‍ റാലി എന്നിവ നടക്കും. എന്നാല്‍ 29-ന് നടക്കുന്ന റാലി സംബന്ധിച്ച അന്തിമ തീരുമാനം 27-ലെ യോഗത്തിന് ശേഷമായിരിക്കും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിക്ക് അയക്കുന്ന തുറന്ന കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. താങ്ങുവില, വൈദ്യുതി ഭേദഗതി ബില്‍, കേസുകള്‍ പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉള്‍പ്പെട്ട മന്ത്രി അജയ് മിശ്രയെ പുറത്താക്കല്‍, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ കത്തില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ഷക സംഘടന നേതാവ് ബല്‍ബീര്‍ സിങ് രജേവല്‍ കൂട്ടിച്ചേര്‍ത്തു.

27-ന് ചേരുന്ന യോഗത്തില്‍ കത്തിനുള്ള മറുപടി വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നിലവില്‍ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികള്‍ അതനുസരിച്ചുതന്നെ നടക്കും. സമരസമിതി നേതാക്കളെ സര്‍ക്കാര്‍ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: After Centre's Climbdown, Farmers Announce "Sansad Chalo" On Nov 29