ന്യൂഡല്‍ഹി: ബിഹാറില്‍ നേടിയ നിര്‍ണായക മുന്നേറ്റത്തിനുശേഷം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എം. പാര്‍ട്ടി. എന്നാല്‍ ബംഗാളില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തല്‍.

2011 ല്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി അധികാരം നേടിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ഇതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിച്ചിരുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏക ഗുണഭോക്താക്കളും പാര്‍ട്ടിയായിരുന്നു. ഒവൈസിയുടെ എ.ഐ.എം.ഐ.എം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതോടെ സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ മുസ്ലിം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ ഒവൈസിയുടെ സാന്നിദ്ധ്യം ദോഷകരമായി ബാധിക്കില്ലെന്നാണ് തൃണമൂല്‍ പ്രതീക്ഷിക്കുന്നത്. മുസ്ലീങ്ങളില്‍ ഒവൈസിയുടെ സ്വാധീനം ഹിന്ദി, ഉറുദു സംസാരിക്കുന്ന വിഭാഗങ്ങളില്‍ മാത്രമാണെന്നും ഇത് സംസ്ഥാനത്തെ മുസ്ലീം വോട്ടര്‍മാരില്‍ വെറും ആറ് ശതമാനം മാത്രമാണെന്നുമാണ് തൃണമൂല്‍ കണക്കാക്കുന്നത്.

പശ്ചിമ ബംഗാളിലെ വോട്ടര്‍മാരില്‍ 30 ശതമാനം മുസ്ലീങ്ങളാണ്. കശ്മീരിനു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം വോട്ടര്‍മാരുള്ളതും സംസ്ഥാനത്താണ്. 294 നിയമസഭാ സീറ്റുകളില്‍ 100-110 സീറ്റുകളിലെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍,  പ്രത്യേകിച്ച് മുസ്ലിംകള്‍ നിര്‍ണ്ണായകമായേക്കും. ഈ സാഹചര്യത്തില്‍ ബംഗാളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

നേരത്തെ ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലെ 20 മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കിയ പാര്‍ട്ടി അഞ്ചിടത്തു വിജയിക്കുകയും 1.24 ശതമാനം വോട്ട് നേടുകയും ചെയ്തു ശേഷമാണ് പാര്‍ട്ടി ബംഗാള്‍, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. 

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.എം.ഐ.എമ്മിന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ബിഹാറില്‍ സ്വാധീനമുറപ്പിക്കാനായത്. പിന്നാക്ക പ്രദേശമായ സീമാഞ്ചലില്‍ 2010-ലും 2015-ലും പാര്‍ട്ടി മത്സരിച്ചിരുന്നു. 2015-ല്‍ അര ശതമാനത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്.

Content Highlights: After Bihar success, now AIMIM's entry into Bengal likely to unsettle Trinamool's sway over minorities