പട്‌ന: കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കാര്യം രാഹുല്‍ ചൂണ്ടിക്കാണിച്ചു. 

രാജ്യത്തെ മുഴുവന്‍ കര്‍ഷകരേയും അപമാനിക്കുന്ന തരത്തിലുള്ളതാണ് മോദി സര്‍ക്കാരിന്റെ ഭരണമെന്ന് രാഹുല്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി കര്‍ഷകര്‍ തരുമെന്നും അവര്‍ക്ക് വേണ്ടത് കോണ്‍ഗ്രസിനെയാണെന്നും രാഹുല്‍ പറഞ്ഞു. പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വി യാദവും ശരത് യാദവുമുള്‍പ്പെടെ ബിഹാറിലെ പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് പത്ത് വര്‍ഷം മുമ്പ് വന്നിരുന്നെന്നും എന്നാല്‍ എല്ലാവരും പറ്റിക്കപ്പെടുകയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു.

Content Highlights: After Basic Income, Congress's Next Big Promise: Farm Loan Waiver for All