കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആക്രമണത്തിന് പകരം ചോദിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദിലീപ് ഘോഷ് പറഞ്ഞു. 

കഴിഞ്ഞദിവസമാണ് ബിജെപി നേതാക്കളായ ജെ.പി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.  ബംഗാളില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി പോകുന്നതിനിടെയായിരുന്നു ആക്രമണം. കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് ബിജെപി നേതൃത്വം ആരോപിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചു. ബിജെപിക്കെതിരെയുള്ള സ്വാഭാവിക ജനരോക്ഷമാണ് ഉണ്ടായത് എന്നായിരുന്നു തൃണമൂല്‍ നേതൃത്വത്തിന്റെ പ്രതികരണം. 

ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണത്തിന് പലിശ സഹിതം തിരിച്ചുനല്‍കുമെന്നാണ്  ദിലീപ് ഘോഷ് പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഡല്‍ഹിയിലെ വീടിനു നേരെ ഉണ്ടായ ആക്രമണം 'ഒരു തുടക്കം മാത്രം' എന്നായിരുന്നു ബിജെപി നേതാവ് സായന്തന്‍ ബസു പ്രതികരിച്ചത്. നിങ്ങള്‍ ഒരാളെ കൊല്ലുമ്പോള്‍ ഞങ്ങള്‍ നാല് പേരെ കൊല്ലുമെന്നും സായന്തന്‍ ബസു പറഞ്ഞു. 

ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണം സ്‌പോണ്‍സര്‍ ചെയ്ത സംഭവമാണ്. തൃണമൂല്‍ നേതൃത്വത്തിനു കീഴില്‍ ദുര്‍ഭരണവും അരാജകത്വവും നിലനില്‍ക്കുന്നുവെന്ന് അമിത് ഷാ പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബഹുജന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായാണ് ജെ.പി നഡ്ഡ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ബംഗാളിലെത്തിയത്. 

Content Highlights: After attack on Nadda convoy, BJP's Dilip Ghosh vows 'revenge', warns Mamata govt