ഷിംല: അരനൂറ്റാണ്ട് മുമ്പ് ഹിമാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1968 ഫെബ്രുവരി ഏഴിന് 98 സൈനികരുമായി റോഹ്താങ്കില്‍ അപ്രത്യക്ഷമായ എഎന്‍-12 ബിഎല്‍ 534 വിമാനത്തിന്റെ ഭാഗങ്ങളാണ് ലോഹോള്‍-സ്പിതി ജില്ലയിലെ ധാക്ക പര്‍വതശിഖര മേഖലയില്‍ കണ്ടെത്തിയത്.
ധാക്ക പര്‍വതമേഖലയിലെത്തിയ വിമാനം ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് ചണ്ഡീഗഡിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നു എന്നാണ് നിഗമനം. വിമാനത്തിന്റെ പ്രധാനഭാഗങ്ങളും മൃതശരീരാവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍ജിന്‍, പ്രൊപ്പല്ലര്‍, ഇലക്ട്രിക് സര്‍ക്യൂട്ടുകള്‍, ഇന്ധനടാങ്ക്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് ഡോര്‍ തുടങ്ങിയ വിമാനഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
2003 ല്‍ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ ഈ വിമാനത്തിലുണ്ടായിരുന്ന സൈനികന്‍ ബേലി റാമിന്റെ മൃതശരീരം മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കരസേന നടത്തിയ പര്യവേക്ഷണത്തിനിടെ 2007 ഓഗസ്റ്റ് ഒമ്പതിന് കൂടുതല്‍ സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തി. 2018 ജൂലായ് ഒന്നിന് മറ്റൊരു മൃതശരീരവും വിമാനത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ജൂലായ് 26 നാണ് വെസ്‌റ്റേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള ഡോഗ്ര സ്‌കൗട്ട്‌സ് എഎന്‍-12 ബിഎല്‍ 534 വിമാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമം ആരംഭിച്ചത്. 13 ദിവസത്തെ തിരച്ചിലിനൊടുവില്‍ 5,240 മീറ്റര്‍ ഉയരത്തില്‍ വിമാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ ഡോഗ്ര സ്‌കൗട്ട് സംഘത്തിന് സാധിച്ചു. സൈനികരുടെ വ്യക്തിഗത വസ്തുവകകളും കണ്ടെത്തിയതായി ഔദ്യോഗികവക്താവ് അറിയിച്ചു.
Content Highlights: After 51 years wreckage of IAF plane found in Dhaka Glacier