ന്യൂഡല്‍ഹി: വിവാദമായ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) മേഘാലയയില്‍ പൂര്‍ണമായും പിന്‍വലിച്ചു. അരുണാചല്‍ പ്രദേശില്‍ എട്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മാത്രമായി ചുരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.

2017 സെപ്റ്റംബര്‍ വരെ മേഘാലയയുടെ 40 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് മേഘാലയയില്‍നിന്ന് അഫ്‌സ്പ പൂര്‍ണമായും പിന്‍വലിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2017 ല്‍ അരുണാചല്‍ പ്രദേശിലെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയിരുന്ന അഫ്‌സ്പ നിയമമാണ് എട്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലേക്ക് ചുരുക്കിയത്.

ഇതുകൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍  കീഴടങ്ങുന്ന തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായധനം ഒരു ലക്ഷത്തില്‍നിന്ന് നാല് ലക്ഷമായി വര്‍ധിപ്പിച്ചു. 2018 ഏപ്രില്‍ ഒന്നുമുതല്‍ ഈ തീരുമാനം നടപ്പിലായിക്കഴിഞ്ഞു. മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന നിയന്ത്രിത മേഖല പ്രവേശനാനുമതി, സംരക്ഷിത മേഖല പ്രവേശനാനുമതി എന്നിവയില്‍ ഇളവ് വരുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

വടക്കു കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സായുധ കലാപങ്ങളില്‍ 63 ശതമാനം കുറവ് വന്നിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ 83 ശതമാനം കുറഞ്ഞു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 40 ശതമാനം കുറവുണ്ടായി. 2000വുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2017 ല്‍ സായുധ കലാപക്കേസുകളില്‍ 85 ശതമാനമാണ് കുറവുവന്നത്. 1997 മായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ 96 ശതമാനം കുറവാണ് വന്നിട്ടുള്ളത്.