ഗുവഹാട്ടി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളുടെ പ്രതിഫലം ജമ്മു കശ്മീരില്‍ ദൃശ്യമായേക്കാമെന്ന് സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അത്തരത്തിലുള്ള സാഹചര്യം മുന്നില്‍ക്കണ്ട് തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യേണ്ടിവരും. പുറത്തുനിന്ന് എത്തുന്ന എല്ലാവരെയും നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണ്ടിവരുമെന്ന് ഗുവഹാട്ടിയില്‍ നടന്ന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധന കര്‍ശനമാക്കുന്നതുമൂലം വിനോദ സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടാം. എന്നാല്‍ എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനകള്‍ നടത്തുന്നതെന്ന് മനസിലാക്കണം. ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ട്. രാജ്യത്തെ നമ്മള്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ മാറ്റാര്‍ക്കും കഴിയില്ല. രാജ്യത്തിന്റെ ഏത് ഭാഗത്ത് താമസിക്കുന്നവര്‍ക്കും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇതുസംബന്ധിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ എല്ലാവരും തയ്യാറാകണം.

ജനങ്ങള്‍ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാന്‍ തയ്യാറായാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് എളുപ്പമാണ്. അയല്‍പക്കത്ത് താമസിക്കുന്നവര്‍ ആരാണെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ ഒരു ഭീകരവാദിക്കും എവിടെയും ഒളിവില്‍ കഴിയാനാകില്ല. സംശയകരമായ സാഹചര്യത്തില്‍ ആരെക്കണ്ടാലും അവരെക്കുറിച്ച് അന്വേഷിക്കാനും തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും ജനങ്ങള്‍ തയ്യാറാകണമെന്നും സംയുക്ത സേനാ മേധാവി ആവശ്യപ്പെട്ടു.

കശ്മീരിലെ സാഹചര്യങ്ങള്‍ മാറിവരുന്നു എന്നതിന്റെ സൂചനയാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരില്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് പരാമര്‍ശം. രണ്ടാഴ്ച മുമ്പ് കശ്മീരില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടും ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് പോകുന്നുവെന്ന സൂചനയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് നല്‍കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Afghan situation; overflow may happen in J&K - Bipin Rawat