ന്യൂഡല്‍ഹി: പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയെ അതിക്രൂരമായി താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം  അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരിയാണ് സ്ഥിരീകരണം നല്‍കിയത്. 

അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ദിഖിക്ക് വെടിയേറ്റതെന്ന വാദം ഒമര്‍ ഷിന്‍വാരി തള്ളി. പിടികൂടി തടവിലാക്കിയ താലിബാന്‍ സിദ്ദിഖിയെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം സംബന്ധിച്ച് അന്വേഷിച്ചുവരുകയാണ്. 'സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയോ എന്നത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.. അന്വേഷണം പുരോഗമിക്കുകയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയ സ്ഥലം നിലവില്‍ താലിബാന്‍ അധീനതയിലാണ്. അതുകൊണ്ടു തന്നെ ദൃക്‌സാക്ഷികളെ കണ്ടുപിടിക്കാന്‍ സമയമെടുക്കും'- അഫ്ഗാന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. 

ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ തിരഞ്ഞുപിടിച്ചു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ എക്സാമിനര്‍ പുറത്തു വിട്ടിരുന്നു. 

ജീവനോടെയാണ് താലിബാന്‍ സിദ്ദിഖിയെ പിടികൂടിയത്. പിടിക്കപ്പെട്ടയാള്‍ ഡാനിഷ് സിദ്ദിഖി തന്നെയാണെന്ന് ഐഡി കാര്‍ഡ് നോക്കി ഉറപ്പു വരുത്തിയതിനു ശേഷമാണ് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്നവരേയും കൊലപ്പെടുത്തിയത്. സിദ്ദിഖിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കമാന്‍ഡറേയും ടീമിലുണ്ടായിരുന്ന മറ്റംഗങ്ങളേയും കൊന്നതെന്നും എക്സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

എല്ലാ രാജ്യങ്ങളും താലിബാനുമായുള്ള യുദ്ധത്തില്‍ അഫ്ഗാന്‍ സൈന്യത്തെ പിന്തുണയ്ക്കണമെന്നും തിന്‍വാരി അഭ്യര്‍ത്ഥിച്ചു. 

Content Highlights: Update on Siddiqui's death