മദ്രാസ് ഹൈക്കോടതി| Photo: PTI
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. വിക്ടോറിയ ഗൗരി ഉള്‍പ്പടെ 13 പേരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം നിയമന ഉത്തരവിറക്കി.
ഇതിനിടെ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ അഭിഭാഷകയായ വിക്ടോറിയ ഗൗരി ഉള്‍പ്പെടെ അഞ്ചുപേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനോട് ചെയ്തത്. ഈ ശുപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കി.
അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുളള ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ടയാളാണ് വിക്ടോറിയ ഗൗരി. ബി.ജെ.പി. മഹിളാ മോര്‍ച്ച നേതാവ് കൂടിയാണ് വിക്ടോറിയ ഗൗരി എന്നാണ് ആരോപണം.
Content Highlights: advocate lakshmana chandra victoria gowri appointed as additional judge of madras high court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..